
ശബരിമലയിൽ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓൺലൈൻ ബുക്കിംഗിലൂടെ 400 മുറികൾ ലഭ്യമാക്കും
- ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് റിപ്പോർട്ട് അംഗീകരിച്ചു
കൊച്ചി: ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് വൻ പരിഷ്കാരങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജനക്കൂട്ട നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച സമഗ്ര റിപ്പോർട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് റിപ്പോർട്ട് അംഗീകരിച്ചു.തിരക്ക് ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക് ക്രമീകരിക്കുന്നതിനായി പോലീസുമായി സഹകരിച്ച് എഐ അധിഷ്ഠിത സംവിധാനം വികസിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.താമസസൗകര്യത്തിലും വലിയ മാറ്റങ്ങളാണ് ബോർഡ് വിഭാവനം ചെയ്യുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ ഏകദേശം 400 മുറികൾ തീർത്ഥാടകർക്ക് ലഭ്യമാക്കും. നിരക്കുകളിൽ വലിയ ഇളവ് വരുത്തി 50 രൂപ മാത്രം സർവീസ് ചാർജായി ഈടാക്കും. ഇത് തിരിച്ചു നൽകില്ല. മുറികളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കാൻ പ്രൊഫഷണൽ ഹൗസ്കീപ്പിംഗ് ഏജൻസികളെ ചുമതലപ്പെടുത്തും.

ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഭക്ഷ്യാവശിഷ്ടം, ജൈവം, അജൈവം എന്നിങ്ങനെ മാലിന്യം മൂന്നായി തരംതിരിക്കുന്ന സംവിധാനം നിർബന്ധമാക്കുംകൂടുതൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. മൂന്ന് അറകളുള്ള സെപ്റ്റിക് സംവിധാനങ്ങൾ നവീകരിക്കും. തടസമില്ലാതെ ശുദ്ധജല വിതരണം ഉറപ്പാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇ-ടെൻഡർ വഴി 6,000 മെട്രിക് ടൺ പഞ്ചസാരയും ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (ജെം) പോർട്ടൽ വഴി 1,500 മെട്രിക് ടൺ പഞ്ചസാരയും സംഭരിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ മേൽനോട്ടത്തിൽ തത്സമയ പരിശോധനയ്ക്കായി നൂതന ലബോറട്ടറി സജ്ജമാക്കും. ഭക്തർ സമർപ്പിക്കുന്ന നെയ്യ് ഉൾപ്പെടെയുള്ള വഴിപാടുകൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സൗകര്യങ്ങളും മെച്ചപ്പെടുത്തും.സുതാര്യമായ ടെൻഡർ നടപടികൾ ഉറപ്പാക്കാൻ കടകൾ, ഹോട്ടലുകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ഇ-ടെൻഡറും ഇ-ലേലവും സംയോജിപ്പിച്ച സംവിധാനം നടപ്പാക്കും. സമാന സ്വഭാവമുള്ള പദ്ധതികൾ ഒരുമിച്ച് ചേർത്ത് ടെൻഡറുകളുടെ എണ്ണം 300ൽ നിന്ന് 40ൽ താഴെയായി കുറയ്ക്കും. വിരമിച്ച ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണനിലവാര പരിശോധന നടത്തുക.
