
മരുമകളുടെ മാലപൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു
- ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്.
കൊച്ചി മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതിനെ തുടർന്ന് നിലവിൽ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ്. മുമ്പ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു സലിം. അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിയുടെ പിന്നിലെത്തി കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ സലീം കാണുന്നത് മരുമകളെ ആക്രമിക്കുന്നതാണ്. ഇതോടെ മോഷ്ടാവിനെ നേരിട്ട സലീം അയാളെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. ഇതിനിടയിൽ സലീമിന്റെ വലതുകൈ അക്രമിയുടെ വായിൽ അകപ്പെടുകയും അയാൾ വലതു തള്ളവിരലിൽ ശക്തിയായി കടിച്ച് വിരലിന്റെ മുകൾ ഭാഗം മുറിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് മോഷ്ടാവ് സ്ഥലത്തുനിന്ന് കുതറിയോടി രക്ഷപ്പെട്ടു.പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ അറ്റുപോയ വിരലിന്റെ ഭാഗം സമീപത്തുനിന്ന് കണ്ടെത്തിയെങ്കിലും ആശുപ്രതിയിൽ എത്തിക്കാൻ വൈകിയതിനാൽ ഇത് തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
