
വെള്ളാപ്പള്ളി നടേശനെ ചാരി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
- പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ ചാരി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സിപിഐക്ക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് പറയുന്നവർ ജാതീയത പറയുന്നു എന്ന് പറഞ്ഞ ബിനോയ് വിശ്വം, ജാതിവാദം തെറ്റാണെന്നും കൂട്ടിച്ചേർത്തു. പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായ ഇസ്ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്ന് മറന്നുപോകാൻ പാടില്ല. ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പോലെ ഈ ജാതിവാദം കേരളത്തിൽ അന്ധമായ ഇസ്ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കലും വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. നാളേയും വെള്ളപൂശില്ല.’ -ബിനോയ് വിശ്വം തുടർന്നു.

നേരത്തേ അയ്യപ്പസംഗത്തിന്റെ സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയത് വലിയ വിവാദമായിരുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകൾ പലതവണ നടത്തിയ വെള്ളാപ്പള്ളിയെ തള്ളാതിരുന്നതിന് പിന്നാലെയാണ് പിണറായി വിജയൻ അദ്ദേഹത്തെ കാറിൽ കയറ്റിയതും. ഇപ്പോൾ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സിപിഎമ്മിനും സിപിഐക്കും ഇടയിൽ നിലനിൽക്കെയാണ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്.
