
പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ഗോവിന്ദൻ
- നേരത്തെ തന്നെ ഈ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയതാണ്. അന്ന് ശക്തമായ രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ഗോവിന്ദൻ. ഇഡി തന്നെ മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവിട്ട് പിണറായിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നെന്നും അതിന്റെ ഭാഗമാണ് ഇ.ഡിയുടെ പുതിയ കത്തെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. നേരത്തെ തന്നെ ഈ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയതാണ്. അന്ന് ശക്തമായ രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇപ്പോഴത്തെ ഭരണനേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവ് പുറത്തുവന്നിട്ടുണ്ട്.

രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേര് സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നു.അതേ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന പോലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിട്ടുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വീണ കൃത്യമായി നികുതി അടച്ചാണ് പണം വാങ്ങിയിട്ടുള്ളത്. 182 കോടിയിൽ വളരെ ചുരുങ്ങിയ തുക മാത്രമാണ് വീണ വാങ്ങിയത്. ബാക്കി പണം ലഭിച്ചവർക്കെതിരെ ഒരു അന്വേഷണവും നടന്നിട്ടില്ല. എസ്എഫ്ഐഒ കണ്ടെത്തൽ എന്ന പേരിൽ ആണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നും മറുപടി ലഭിക്കാത്ത ഈ കാര്യങ്ങളിൽ നിന്ന് രാഷ്ട്രീയ പകപോക്കൽ വ്യക്തമാണെന്നുഎം.വി ഗോവിന്ദൻ പറഞ്ഞു. പണം സ്വീകരിച്ചത് രഹസ്യമായല്ലെന്നും ഇതിൽ ഒരു കാര്യവും മറച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിഎംആർഎൽ എക്സാലോജിക്കിന് പണം നൽകിയത് അഴിമതി നിരോധനത്തിന്റെ പരിധിയിൽ വരില്ല. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു സഹായവും സിഎംആർഎല്ലിന് നൽകിയിട്ടില്ല.

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും ബിജെപി നേതാവ് ഷോൺ ജോർജും ഉണ്ടാക്കിയ ആരോപണങ്ങളാണ് ഇവ. കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും കേസ് തള്ളിക്കളഞ്ഞു. ഭരണം മാറുകയും യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്നുംമനസിലാക്കിയാണ് ഇപ്പോൾ ഇ.ഡി വന്നിരിക്കുന്നത്.ഇ.ഡി നേരിട്ട് പോയാൽ കോടതി തള്ളും എന്നതുകൊണ്ടാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സർക്കാരിന് നഷ്ടവും തനിക്ക് ലാഭവും ഉണ്ടാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനുള്ള ഒരു തെളിവും ഒരു കോടതിയിലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വിജിലൻസ് തന്നെ തള്ളിയ കേസ് ആണ് ഇപ്പോൾ വളഞ്ഞ വഴിയിലൂടെ ഇ.ഡി കൊണ്ടുവന്നിരിക്കുന്നത്. കരുവന്നൂർ ബാങ്കിൽ നേരിട്ട് ഉത്തരവാദികളായവരെ മാപ്പുസാക്ഷികളാക്കുകയും പാർട്ടി നേതാക്കളെ ഇ.ഡിപ്രതികളാക്കുകയും ചെയ്തിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
