
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും
- ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജിൻപിങ്ങിന്റെ ഡൽഹി സന്ദർശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജിൻപിങ്ങിന്റെ ഡൽഹി സന്ദർശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ജിൻപിങ് പങ്കെടുക്കുന്നത്.2020ൽ ഗാൽവൻ താഴ്വരയിലുണ്ടായ അതിർത്തി സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതിനു ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. 2019ൽ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദർശിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുരോഗതി ദൃശ്യമായത്.

ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുകയല്ലെന്നും വികസന പങ്കാളികളാണെന്നുമാണ് ഇരു നേതാക്കളുടെയും നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സഹകരണം ചർച്ചയാകും. കഴിഞ്ഞ വർഷത്തെ ഉഭയകക്ഷി വ്യാപാരം സർവകാല റെക്കോഡായ 155 ബില്യൻ ഡോളറിൽ എത്തിയിരുന്നു.
