
വാഹനങ്ങളുടെപിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന മോട്ടോർവാഹന നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
- ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.
ന്യൂഡൽഹി : വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന മോട്ടോർവാഹന നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ സീറ്റ് ബെൽറ്റ് ധരിക്കലുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ, നിയമം നടപ്പാക്കിയതിന്റെ റിപ്പോർട്ട്, പിഴചുമത്തിയതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാകണം സത്യവാങ്മൂലം. മലയാളിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവിൻ്റെ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

സീറ്റ് ബെൽറ്റ് ധരിക്കൽ പേരിന് ചെയ്യേണ്ട വെറും നടപടിക്രമമല്ലെന്നും ജീവൻരക്ഷാ സംവിധാനമാണെന്നും ഹർജി പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ലെന്നും 2005 മുതലുള്ള കർശനമായ നിയമമാണെങ്കിലും പിൻസീറ്റിൽ സീറ്റ് ബെൽറ്റിടുന്നത് ഇപ്പോഴും വളരെക്കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024-ലെ 80 ശതമാനം വാഹനാപകടമരണങ്ങളിലും സീറ്റ് ബെൽറ്റുണ്ടായിരുന്നില്ല.പിൻസീറ്റിൽ സീറ്റ് ബെൽറ്റുധരിക്കൽ കേവലം അഞ്ചുശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.
