
മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ സംസ്ഥാന വ്യാപക പ്രതിഷേധം ഉണ്ടാവും ; സർക്കാർ തീരുമാനം കാത്ത് സിപിഎം
- കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസും ടി. വീണയും കോടതിയെ സമീപിക്കും
തിരുവനന്തപുരം :മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി കത്തിൽ സർക്കാർ നിലപാട് കാത്ത് സിപിഎം. കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസും ടി. വീണയും കോടതിയെ സമീപിക്കും. കേസെടുത്താൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ്സിപിഐയുടെ തീരുമാനം. ഇ.ഡിക്കെതിരെ സംസാരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ ബിജെപിയുടെ അതേ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിഷേധങ്ങൾ.

കർത്തയുടെ ഡയറിയിൽ രമേശ് ചെന്നിത്തലയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകൾ ഉണ്ടെന്ന് അവർ തന്നെ സമ്മതിച്ചിട്ടും, നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം ഇ.ഡി കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം ആരോപിക്കുന്നു. പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ ഇഡി റിപ്പോർട്ടിൽ എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും കേസെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിതല പറഞ്ഞു.രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ കത്തും ചർച്ചയായി. കെപിസിസി അധ്യക്ഷ പദവി, പാർട്ടി പുനഃസംഘടന തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
