
മിൽമയുടെ മലബാർ യൂണിയൻ പിരിച്ച് വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ
- മിൽമ മലബാർ യൂണിയനിൽ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ല, കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷരൂപയുടെ നഷ്ടം സംഭവിച്ചു,
തിരുവനന്തപുരം: മിൽമയുടെ മലബാർ യൂണിയൻ പിരിച്ച് വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്ഷീര വികസന വകുപ്പും സഹകരണ വകുപ്പും നടപടി സ്വീകരിക്കും. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ടതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അവകാശപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന്മിൽമ ചെയർമാൻ പറഞ്ഞു. ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്.

മിൽമ മലബാർ യൂണിയനിൽ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ല, കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷരൂപയുടെ നഷ്ടം സംഭവിച്ചു, മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങി നിരവധി ക്രമക്കേടുകളാണ് ക്ഷീരവികസന ഡയറക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് മിൽമ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് മിൽമ ചെയർമാൻ കെ.എസ്മണിയുടെ വാദം.അഴിമതി നടത്തിയിട്ട് രാഷ്ട്രീയ പ്രേരിതമെന്ന വാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ നിയമങ്ങൾക്ക് വിരുദ്ധമായി എന്തെല്ലാം കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പും പരിശോധിക്കും. മലബാർ യൂണിയൻ പിരിച്ച് വിട്ടതിന് എതിരെ കോടതിയെ സമീപിക്കാനും മിൽമ ആലോചിക്കുന്നുണ്ട്.
