
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
- കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇഡിയുടെ കത്തിൽ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിർദേശം നിർദേശം നൽകിയത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ റിപ്പോർട്ടിലെ ശുപാർശ. രണ്ടാഴ്ച മുൻപാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കേസ് എടുക്കാമെന്ന് സെപ്റ്റംബർ പതിനെട്ടിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം പ്രോസിക്യൂഷൻ നിയമോപദേശം നൽകിയിരുന്നു.

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതിൽ നിന്ന്, 2017 മാർച്ച് 4-നും 2019 മെയ് 18-നും ഇടയിൽ വ്യാജ കരാറിന്റെ മറവിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ നിന്ന് മകൾ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയൻ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തിൽ പറഞ്ഞിരുന്നു.
