
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന:കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി
- സമവായത്തിൻ്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത അതൃപ്തികൾക്കൊടുവിൽ കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയതായ നിലവിൽ പ്രഖ്യാപിച്ച ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി
എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമവായത്തിൻ്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. സമവായ ഫോർമുല കാന്തപുരത്തെ മന്ത്രിനേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിതുറന്നത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു.
