
പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്സി അംഗങ്ങൾക്ക് ഐജി അജിത ബീഗം കത്ത് നൽകും. പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പിഎസ്സി അംഗങ്ങൾ കത്ത് നൽകിയിരുന്നു. നിയമസഭസമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പിഎസ്സി വിശദീകരിക്കുന്നത്. എന്നാൽ നിയമസഭ സമിതിയും കേസന്വേഷണവും രണ്ടായി കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ കേസെടുത്തുവെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല.

ഇന്ന് മുതൽ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാൻ നാല് അംഗങ്ങൾക്കാണ് നോട്ടീസ് അയച്ചിരുന്നു.വിവര ശേഖരത്തിന്റെ ഭാഗമായാണ് ആദ്യം അംഗങ്ങളെയും പിന്നീട് ചെയർമാന്റെ മൊഴിയെടുക്കാനാണ് ക്രൈബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് പിഎസ്സി യോഗത്തിൽ തീരുമാനമെടുത്തത്. പിഎസ്സി ആസ്ഥാനത്ത് വന്ന് മൊഴിയെടുത്താൽ സഹകരിക്കുമെന്നാണ് പിഎസ്സി ക്രൈംബ്രാഞ്ച് ഐജിയോട് ആവശ്യപ്പെട്ടത്.
