
ചേരാനല്ലൂരിലെ പതിനേഴുവയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
- സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യം അപാകതയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു.
തിരുവനന്തപുരം : ചേരാനല്ലൂരിലെ പതിനേഴുവയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തട്ടുകട നടത്തി ജീവിച്ചിരുന്ന മനുഷ്യനാണ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യം അപാകതയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി, പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്.സംഭവം അറിഞ്ഞയുടൻ പോലീസ് കമ്മീഷണറോടും ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. ആദ്യം പോലീസ് എടുത്ത നടപടി ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായമെന്നും ചേർക്കേണ്ട വകുപ്പുകൾ ചേർക്കണമെന്നും ആവശ്യപ്പെട്ടു.

ഇതേത്തുടർന്നാണ് കൂടുതൽ വകുപ്പുകൾ ചേർത്തത്. പിന്നീട് ജുവനൈൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഉടൻ ജാമ്യം ലഭിച്ചു. ആശ്ചര്യമായിട്ടാണ് എനിക്കത് തോന്നിയത്. ജാമ്യം റദ്ദാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് അപേക്ഷയുണ്ടാകും.വാഹനമിടിച്ച പ്രതിയുടെ പിതാവിനെതിരേ കേസെടുക്കും. ശക്തമായ നടപടിയുണ്ടാക്കും. ന്യായവും നീതിയും എല്ലാവർക്കും ഒരുപോലെയാണ്. അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
