
നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന്റെ അനുമതി സർക്കാർ റദ്ദാക്കി
പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി ലൈസൻസ് അനുവദിക്കാൻ അപേക്ഷ പുനർസമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം : നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നൽകിയ എക്സൈസ് മുൻ കമ്മിഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി. വിഷയം വിവാദമായതിനു പിന്നാലെ സാംബശിവ റാവുവിന്റെ കസേര തെറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അനുമതി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർ ലൗഞ്ച് ബാറിൽനിന്ന് രണ്ടു ലക്ഷം രൂപ ലൈസൻസ് ഫീസ് ഈടാക്കിയാണ് അനുമതി നൽകിയത്. എന്നാൽ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എഫ്എൽ7 ലൈസൻസുകൾ അനുവദിച്ചാൽ മതിയെന്നാണു സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു.

ഇതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നതാണ്. ഫോറിൻ ലിക്കർ റൂൾസ് പ്രകാരം അനുമതി ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞാലും ലൈസൻസ് അനുവദിക്കാതെ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല.ഈ സാഹചര്യത്തിൽ ലൈസൻസ് അനുവദിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയെന്നും അപേക്ഷ നിരസിച്ചുവെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഫീസായി അടച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാൻ സ്ഥാപനത്തിന് അപേക്ഷ സമർപ്പിക്കാം. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി ലൈസൻസ് അനുവദിക്കാൻ അപേക്ഷ പുനർസമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.
