
ചൂരൽമല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു
34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്
വയനാട്:ഉരുൾപൊട്ടലിൽ ഒലിച്ചു പോയ വയനാട്ടിലെ ചൂരൽമല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്. ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. ഗർഡറുകൾ പരസ്പരം ചേർത്തുള്ള ബോസ്ട്രിങ് മാതൃകയിലാണ് നിർമാണം. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററും നീളം പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്.

പുഴയിലേക്ക് തൂണുകൾ ഇല്ലാത്ത രീതിയിലാണ് രൂപകൽപ്പന.ദുരന്ത കാലത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലാണ് പാലം. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധമാണ് നിർമാണംചൂരൽമല ടൗണിൽ പാലത്തിന്റെ പൈലിംഗ് ജോലികൾ തുടങ്ങി. ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല -മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക. നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
