
കരിപ്പൂരിൽ വൻ സ്വർണവേട്ട
സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരും, വാങ്ങാനായെത്തിയ രണ്ടുപേരുമാണ് കുടുങ്ങിയത്.
മലപ്പുറം : കരിപ്പൂരിൽ വൻ സ്വർണവേട്ട. രണ്ട് കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേരാണ് പിടിയിലായത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരും, വാങ്ങാനായെത്തിയ രണ്ടുപേരുമാണ് കുടുങ്ങിയത്. പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് സ്വർണവുമായി പിടിയിലായത് ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. അമീൻ ധരിച്ച ധരിച്ച ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വർണകടത്ത്. ജീൻസിൽ ഒരു കോടിയോളം രൂപയുടെ സ്വർണമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അമീനിൽ നിന്നും സ്വർണം വാങ്ങാനെത്തിയ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ വന്നിറങ്ങിയ മറ്റൊരാളിൽ നിന്നും സ്വർണം പിടികൂടി. രാവിലെ 8.30ന് റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനാൻ അറസ്റ്റിലായത്. ഷാജഹാന്റെ ശരീരത്തിൽ ഒളിപ്പിച്ച മൂന്ന് ക്യാപ്സളുകളിൽ നിന്ന് 790.5 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. നാലുപേർക്കുമെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
