
കണ്ണൂരിൽ രണ്ടിടത്ത് സൈബർ തട്ടിപ്പ്; അസം സ്വദേശിക്ക് 46,000 രൂപയും തളിപ്പറമ്പ് സ്വദേശിനിക്ക് 96,000 രൂപയും നഷ്ടമായി
- ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തതായിരുന്നു തട്ടിപ്പ്. ടെലഗ്രാമിലൂടെയാണ് യുവതി കബളിക്കപ്പെട്ടത്.
മട്ടന്നൂർ: കണ്ണൂരിൽ രണ്ടിടത്ത് വീണ്ടും സൈബർ തട്ടിപ്പ്. പാപ്പിനിശേരിയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 46,000 രൂപ നഷ്ടമായി. മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് തവണയായാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.തളിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് 96,000 രൂപയാണ് നഷ്ടമായത്. ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തതായിരുന്നു തട്ടിപ്പ്. ടെലഗ്രാമിലൂടെയാണ് യുവതി കബളിക്കപ്പെട്ടത്.

ജോലി വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് യുവതി വ്യത്യസ്ത ആറ് യുപിഐ ഐഡികളിലേക്ക് പണം അയക്കുകയായിരുന്നു.800 രൂപ മുതൽ അര ലക്ഷം വരെയാണ് യുവതി അയച്ചത്. ഒരേ ദിവസം വ്യത്യസ്ത സമയങ്ങളിലായിരുന്നു പണം കൈമാറിയത്. ‘മേഖ ഇന്ത്യ ലിമിറ്റഡ്’ എന്ന ടെലഗ്രാം അക്കൗണ്ടിൽ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചത്. സംഭവത്തിൽ, പാർട്ട് ടൈം ജോലിക്ക് ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
