
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ അടിമുടി മാറ്റം നിർദേശിച്ച് കരട് നയം പുറത്തിറങ്ങി
29 ഡിപ്പാർട്ട്മെൻ്റുകളിലെ നിശ്ചിത തസ്തിക കെഎഎസിനായി മാറ്റിവെക്കുമെന്ന രീതി മാറും
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ അടിമുടി മാറ്റം നിർദേശിച്ച് കരട് നയം പുറത്തിറങ്ങി. 29 ഡിപ്പാർട്ട്മെൻ്റുകളിലെ നിശ്ചിത തസ്തിക കെഎഎസിനായി മാറ്റിവെക്കുമെന്ന രീതി മാറും. തസ്തിക സർക്കാർ ആവശ്യാനുസരണം തീരുമാനിക്കും. സ്ഥാനക്കയറ്റത്തിലും ശമ്പള പരിഷ്കരണത്തിലും കൊണ്ടുവന്ന മാറ്റങ്ങളോടെ കെഎഎസിന്റെ തിളക്കം കുറയുമെന്നതിനാൽ തന്നെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ.നിശ്ചിത ശതമാനം തസ്തിക മാറ്റിവെക്കുന്ന രീതി ഇല്ലാതാകുന്നതോടെ, എത്ര തസ്തികകൾ ഉണ്ടാകുമെന്നതിൽ വ്യക്തതയില്ലാതെയാകും. ഓരോ വർഷമോ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴോ സ്ഥിരമായി കെഎഎസ് റിക്രൂട്ട്മെന്റ് നടക്കുമെന്ന ധാരണയ്ക്കും ഇതോടെ അവസാനമായേക്കും. നിലവിൽ എട്ട് വർഷം പൂർത്തിയാകുമ്പോൾ സ്ഥാനക്കയറ്റം ലഭിക്കുമെന്ന രീതിയിലും മാറ്റങ്ങൾ വരുന്നുവെന്നാണ് വിവരം.

കെഎഎസ് രൂപീകരിച്ചപ്പോൾ നീക്കിവെച്ച തസ്തികകളിലെ ഏറ്റവും ഉയർന്ന തസ്തികയായ അണ്ടർ സെക്രട്ടറി തസ്തികയുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയായിരുന്നു ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതിയ നയപ്രകാരം ശമ്പള പരിഷ്കരണത്തിനും സർക്കാർ നയങ്ങൾക്കും അനുസരിച്ചായിരിക്കും ശമ്പളം. ഉയർന്ന ശമ്പള പരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും മാറ്റങ്ങൾ വരും.
രണ്ടാം ഘട്ട പരീക്ഷ കഴിഞ്ഞവരുടെ നിയമനങ്ങൾക്ക് മുൻപായാണ് സർക്കാർ ഈ കരട് ഭേദഗതി കൊണ്ടുവരുന്നത്. നിലവിലെ ശമ്പളത്തേക്കാൾ കുറഞ്ഞു പോകുമോ എന്നും, പ്രതീക്ഷിച്ച രീതിയിലുള്ള സ്ഥാനക്കയറ്റങ്ങൾ ലഭിക്കുമോ എന്നും കെഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്.
