
പിതൃ പുണ്യം തേടി നാളെ കർക്കിടകവാവ് ബലിതർപ്പണം
- ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം
കൊയിലാണ്ടി: പിതൃസ്മരണയിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ. കർക്കിടകവാവ് എന്നത് ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ്. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്ന സങ്കല്പത്തിലാണ് വാവുബലി അർപ്പിക്കുന്നത്. ഈ വർഷത്തെ കർക്കടക വാവ് നാളെയാണ്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. എള്ളും വെള്ളവുമാണ് നിവേദ്യത്തിന് ഏറ്റവും അത്യാവശ്യമായ ചേരുവകൾ. പിതൃക്കൾക്കു വേണ്ടി അർപ്പിക്കുന്ന ചാേറാേ അരിയാേ ആണ് പിതൃപിണ്ഡം.
ഉരുപുണ്യകാവ് (മൂടാടി), വരക്കൽ( വെസ്റ്റ് ഹിൽ), കുട്ടോത്ത് സത്യനാരായണ ക്ഷേത്രം (കണയങ്കോട്), പുതിയ കാവിൽ ക്ഷേത്രം (കുറുവങ്ങാട്), ഇരിങ്ങൽ സുബ്രമണ്യ ക്ഷേത്രം തുടങ്ങിയവയാണ് കോഴിക്കോട് ജില്ലയിലെ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ബലിതർപ്പണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഈ ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ബലിതർപ്പണം നടത്തുന്നവർക്ക് മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനസൗകര്യവും പ്രഭാതഭക്ഷണവും ഏർപ്പെടുത്തീട്ടുണ്ട്.