
പുകയൊഴിപ്പിച്ച് പ്രകാശം പരത്തുന്ന ജയപ്രകാശ്
- പുകയില്ലാത്ത അടുപ്പുകളും ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണോപാധികളുമായി ജയപ്രകാശ് നടത്തി വരുന്നത് ശ്രദ്ധേയമായ ആരോഗ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തന്നെ
പുകയെ പുറത്താക്കി ആയിരക്കണക്കിന് ആരോഗ്യകരമായ അടുക്കളകൾ സൃഷ്ടിച്ച ജയപ്രകാശ് ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു ‘ ഇന്നൊവേറ്ററായി ‘ പ്രകാശം ചൊരിയുന്നു.
പുകയെ തീയാക്കി മാറ്റാമെന്ന് ജയപ്രകാശ് പിന്നീട് തെളിയിച്ചു . ഊർജ്ജസംരക്ഷണ രംഗത്തെയും മലിനീകരണ നിയന്ത്രണത്തിലെയും നിർണ്ണായകമായ ഒരു ചുവട് വെപ്പായി മാറി ഈ കണ്ടുപിടുത്തം.
കണ്ടുപിടുത്തങ്ങളുടെ പ്രിയതോഴനാണ് 8,000-ത്തിലധികം പുകയില്ലാത്ത പരിസ്ഥിതി സൗഹൃദ അടുപ്പുകൾ സ്ഥാപിച്ച് നൽകി, പുകയില്ലാവിപ്ലവത്തിൻ്റെ നായകനായ കൊയിലാണ്ടിക്കാരൻ വി. ജയപ്രകാശ്.
- ജയപ്രകാശ് പുകയില്ലാത്ത അടുപ്പ് എന്ന ആശയത്തിലേക്കെത്തിപ്പെട്ട വഴി…
അമ്മയാണ് ജയപ്രകാശിന് ഈ ദിശയിലേയ്ക്കുള്ള വഴി തുറന്നത്. ഒരടുപ്പിൽ തീ കൂട്ടി രണ്ട് അടുപ്പുകളിൽ പാകം ചെയ്യാവുന്ന അടുപ്പുകൾ അയൽപക്കങ്ങളിലൊക്കെ കൊടുക്കുമായിരുന്നു ജയപ്രകാശിന്റെ അമ്മ പത്മിനി നാരായണൻ.
കോയമ്പത്തൂരിൽ എൻടിസിയുടെ തുണിമില്ലിലെ കാൻ്റീൻ ജീവനക്കാരനായ അച്ഛൻ നാരായണനാണ് അടുപ്പുകൾ വാങ്ങി കൊയിലാണ്ടിയ്ക്ക് അയച്ച് കൊടുക്കുക. ഒരിക്കൽ ഒരടുപ്പിൻ്റെ പിന്നിൽ ദ്വാരമിട്ട് , അതിൽ ഒരു പൈപ്പ് ഫിറ്റ് ചെയ്ത് ജയപ്രകാശ് ഒരു പരീക്ഷണം നടത്തി . പുകയതാ പൈപ്പിലൂടെ കയറി പുറത്തേയ്ക്ക് പോകുന്നു. അതായിരുന്നു പുകയില്ലാ കണ്ടുപിടുത്തങ്ങളിലേക്കുള്ള തുടക്കം.

അടുക്കളകളിൽ കണ്ണും നെഞ്ചും പുകഞ്ഞുരുകുന്ന സ്ത്രീകളുടെ കഷ്ടപ്പാട് തീർക്കാൻ ശാസ്ത്ര സാഹിത്യ പരിഷത് പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കുന്ന കാലമായിരുന്നു അത്. വേണ്ടത്ര ശാസ്ത്രീയ പരിശീലനമൊന്നും കിട്ടിയിട്ടില്ലെങ്കിലും ജയപ്രകാശ് പരീക്ഷണങ്ങൾ തുടർന്നു. അങ്ങനെ പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി.
ചെറുപ്പം മുതലേ പരീക്ഷണ കുതുകിയായിരുന്നു ജയപ്രകാശ്. അടുപ്പുകൾ മെച്ചപ്പെടുത്തിയെടുക്കാനായി പരീക്ഷണങ്ങൾ തുടർന്നു. ചിലത് പാളിപ്പോയി. ചിലത് പ്രതീക്ഷിയ്ക്കാത്ത ഫലങ്ങളിലേയ്ക്കെത്തിച്ചു. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ജമീല അനർട്ട് (ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) നടത്തിയ ശിൽപ്പശാലയിൽ പങ്കെടുക്കാൻ ജയപ്രകാശിൻ്റെ അമ്മയെ പ്രേരിപ്പിച്ചു. പക്ഷെ ശിൽപ്പശാലയിൽ പോയത് ജയപ്രകാശാണ്. പത്ത് ദിവസത്തെ പരിശീലന പരിപാടി ജയപ്രകാശിൻ്റെ ആശയങ്ങളെ വിശാലവും ശക്തവുമാക്കി. പുകയില്ലാത്ത അടുപ്പ് എന്ന വിപ്ലവത്തിൽ അതോടെ ജയപ്രകാശ് കർമ്മനിരതനായി.
- പുകഞ്ഞു തീരുന്ന ജീവിതങ്ങളെ രക്ഷിക്കാൻ
അടുപ്പിൽ നിന്നുമുണ്ടാകുന്ന പുക വീട്ടമ്മമാരെ പ്രയാസപ്പെടുത്തുന്നതും അവരുടെ ആരോഗ്യത്തെ സാവധാനം തകർക്കുന്നതും ജയപ്രകാശിനെ അസ്വസ്ഥനാക്കിയിരുന്നു. അതിന് കഴിയുന്നത്ര പരിഹാരം കാണാനുള്ള ശ്രമം അയാൾ ഏറ്റെടുത്തു. അടുപ്പുകളിൽ നിന്നുമുള്ള പുക എങ്ങനെ വീടിനകത്തു നിന്നും പുറത്തേക്ക് മാറ്റാം എന്ന ചിന്തയ്ക്ക് പിന്നാലെ ജയപ്രകാശ് തന്നെ ജീവിതത്തെ കയറൂരി വിട്ടു.

കളിമൺ അടുപ്പുകളുടെ പിൻഭാഗത്ത് ഒരു ചെറിയ പൈപ്പ് ഘടിപ്പിച്ചാൽ അതിലൂടെ പുക പുറത്തെത്തി ഉയർന്ന് പോകും എന്ന ആശയം പരീക്ഷിച്ച് നോക്കാൻ കൊയിലാണ്ടിയിൽ നിന്നും ഏറെ ദൂരെയുള്ള കല്ലാച്ചിയിലേയ്ക്കാണ് ജയപ്രകാശ് ബസ്സ് കയറിയത്. അവിടെ സ്ഥാപിച്ച ഒരടുപ്പ് വീട്ടുകാർക്കിഷ്ടമായി. അത് ജയപ്രകാശിൻ്റെ ആത്മവിശ്വാസം കൂട്ടി. സാവധാനം പുകയില്ലാ അടുപ്പുകളുടെ സ്വീകാര്യത കൂടി വന്നു. തൻ്റെ ആശയം പല കുടുംബങ്ങളിലും സന്തോഷം നിറയ്ക്കുന്നത് അദ്ദേഹം കണ്ടു.
പുകരഹിത അടുപ്പുകളുടെ വിജയത്തിന് ശേഷം മാലിന്യ സംസ്ക്കരണത്തിലേയ്ക്കാണ് ജയപ്രകാശ് തിരിഞ്ഞത്. അടുപ്പ് നിർമ്മാണവും അതിന് മേലുള്ള പരീക്ഷണങ്ങളും തുടർന്നുകൊണ്ടിരിക്കെ, ആശുപത്രി മാലിന്യം വയലിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ചുള്ള ഒരു പ്രാദേശിക പത്രവാർത്ത ജയപ്രകാശിൻറെ ശ്രദ്ധയിലെത്തി. ആ വാർത്ത പ്രകോപിപ്പിക്കുന്നതായിരുന്നു. ജയപ്രകാശ് ആശുപത്രി മാനേജ്മെൻ്റിനെ സമീപിച്ച് വാർത്തയ്ക്ക് കാരണമായ പ്രശ്നങ്ങൾ അന്വേഷിച്ചു. ആശുപത്രി മാലിന്യങ്ങളിൽ കത്തിയ്ക്കാവുന്നതൊക്കെ സംസ്ക്കരിക്കാൻ കഴിയുന്ന ഒരു സംവിധാനം സ്ഥാപിക്കാനുള്ള ചുമതല ഏറ്റെടുത്തു. എന്തുകൊണ്ട് വലിയ അടുപ്പുകൾ ഉണ്ടാക്കി ഇത്തരം മാലിന്യങ്ങൾ കത്തിച്ചുകൂടാ എന്ന ചിന്തയിലേക്കെത്തി. തുടർന്ന് സ്ഥാപിച്ച ചൂള വിജയകരമായിരുന്നു. മാലിന്യം കത്തിക്കുമ്പോൾ ചിമ്മിനിയുടെ അറ്റത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുന്നത് ജയപ്രകാശ് നിരീക്ഷിച്ചു. അത് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലിലേയ്ക്കുള്ള തുടക്കമായിരുന്നു.

തുടർന്ന് ഊർജ്ജ സംരക്ഷണ സ്റ്റൗ നിർമ്മിക്കാനുള്ള ശ്രമങ്ങളിലേയ്ക്ക് ജയപ്രകാശ് നീങ്ങി. എന്തുകൊണ്ടാണ് അങ്ങനെ ചൂളയുടെ കുഴലിൻ്റെ അറ്റത്ത് തീ കണ്ടത് എന്ന അന്വേഷണത്തിൽ അനെർട്ട് തന്നെ ശാസ്ത്രീയ വിശദീകരണം നൽകി. ചിമ്മിനിയുടെ മുകൾഭാഗത്തെത്തുന്ന കാർബൺ കണികകൾ ഓക്‌സിജനുമായി സമ്പർക്കം പുലർത്തുന്നതോടെ ജ്വാലയായി മാറുന്നു. ഈ പ്രക്രിയയെ അടിസ്ഥാനമാക്കി ജയപ്രകാശ് പുകരഹിത ചൂളകൾ നിർമ്മിക്കാൻ തുടങ്ങി. ഉള്ളിലേക്ക് വായു പമ്പ് ചെയ്യുന്ന വിധത്തിലാണ് ചൂളയുടെ നിർമ്മിതി. വിറകു കത്തിക്കുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മിഥേൻ, ഹൈഡ്രജൻ , സൾഫർ തുടങ്ങിയ വാതകങ്ങളിൽ
മീഥേൻ എന്ന വാതകത്തെ അടുപ്പിനുള്ളിൽ നിന്നുതന്നെ കത്തിക്കാൻ ഇത് സഹായിക്കുന്നു. അതോടെ കാർബൺ ഡൈ ഓക്സൈഡ് മാത്രമേ പുറത്തുവരൂ. അത് മണമില്ലാത്തതും നിറമില്ലാത്തതും ആയിരിക്കും.

ജയപ്രകാശ് സ്ഥാപിച്ച അടുപ്പുകളുടെ ഉപയോഗം മൂലം കേരളത്തിൽ മാത്രം ദിവസം 75 ടൺ വിറക് ലാഭിക്കപ്പെടുന്നു. അതായത് ശരാശരി 75 മരങ്ങളുടെ വിറക് ഉപയോഗിക്കുന്നത് കുറയുന്നു. ഇതുമൂലം പുറന്തള്ളപ്പെടേണ്ട 45 ടൺ ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കപ്പെടുന്നു. വനനശീകരണം ചെറിയ രീതിയിലെങ്കിലും തടയപ്പെടുന്നു. കൂടാതെ സ്ത്രീകൾ അടുക്കളയിലെ പുക മൂലം അനുഭവിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും രക്ഷനേടുന്നു. ദിനംപ്രതി
കേരളത്തിൽ മൂന്നുലക്ഷത്തിലധികം രൂപ ലാഭിക്കപ്പെടുന്നു. ഈ വസ്തുതകൾ പരിഗണിച്ച് 2017 ൽ അനെർട്ട്ൻ്റെ സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ജയപ്രകാശിന് ലഭിച്ചു.
- ചെറിയ അടുപ്പിൽ നിന്നും വലിയ അടുപ്പുകളുടെ നിർമ്മാണത്തിലേയ്ക്കാണ് പിന്നീട് ജയപ്രകാശ് പ്രവേശിച്ചത്
നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ കത്തിക്കാനും സംസ്ക്കരിക്കാനും ഏറെ ബുദ്ധിമുട്ടാണല്ലൊ. ആശുപത്രികളിലും മറ്റും പലതരം വേസ്റ്റ് എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ പ്രയാസത്തിലാണ്. എന്ത് കൊണ്ട് ചെറിയ അടുപ്പ് വലുതാക്കി അതിൽ ഇത്തരം വേസ്റ്റ് സംസ്ക്കരിച്ച്കൂടാ എന്ന ചിന്ത വന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ പല ആശുപത്രികളിലും ജയപ്രകാശ് ഇൻസിനേറ്റർ (രണ്ട് ചാമ്പർ ഉള്ളത്) ഉണ്ടാക്കി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഗവ: ബീച്ച് ഹോസ്പിറ്റൽ ആശുപത്രികളിലും ഇതുപയോഗിക്കുന്നു.

നാല് വർഷത്തോളം വിവിധ പരീക്ഷണങ്ങൾ നടത്തി, ഓക്സിജൻ നൽകാൻ കഴിയുന്ന ഒരു സെറാമിക് പൈപ്പിലേക്ക് ദ്വാരങ്ങൾ കുത്തിയ ഒരു മാതൃക ജയപ്രകാശ് ഉണ്ടാക്കി . ദ്വിതീയ തലത്തിൽ കാർബൺ കണങ്ങളുടെ പൂർണ്ണമായ ജ്വലനം, കുറച്ച് മാത്രം പുക പുറന്തള്ളുന്നു. അതിനാൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തി. ഈ കണ്ടുപിടുത്തത്തിന് 1998-ൽ കേരളത്തിലെ എനർജി മാനേജ്‌മെൻ്റ് സെൻ്ററിൻ്റെ ഊർജ്ജ സംരക്ഷണ അവാർഡും 2012-ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പട്ടേലിൽ നിന്ന് നാഷണൽ ഇന്നവേഷൻ അവാർഡും (നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ചത്) ജയപ്രകാശിന് ലഭിച്ചു. 2019 ൽ കേരള സ്റ്റേറ്റ് എനർജി കൺസെർവേഷൻ അവാർഡും ലഭിച്ചു. ആദ്യമൊക്കെ പുകയില്ലാത്ത അടുപ്പിൽ നിന്നും ആകാശത്തേക്ക് പുക പോവുന്നത് കണ്ട് ചിലർ കളിയാക്കിയത് ജയപ്രകാശ് ഓർക്കുന്നു. ആ പരിഹാസമാണ് പുകയും തീയാക്കാം എന്ന ചിന്തയിലേയ്ക്കും കണ്ടെത്തിലേയ്ക്കും ഈ അന്വേഷകനെ നയിച്ചത്.
- ഇത്തരം അന്വേഷണങ്ങൾ ഊർജ്ജ സംരക്ഷണ രംഗത്ത് എന്തൊക്കെ മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. ?
മുണ്ടൂരിലുള്ള ഇൻ്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെൻ്റർ നടത്തിയ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് തന്റെ അടുപ്പ് ഊർജ-കാര്യക്ഷമമായ സ്റ്റൗവിൻ്റെ ജ്വലനക്ഷമത 36.67 ശതമാനവും (തടി ഇന്ധനമായി ഉപയോഗിക്കുമ്പോൾ)
29.48 ശതമാനം ഇന്ധനക്ഷമത ചിരട്ട കത്തിക്കുമ്പോഴും ലഭിക്കുന്നു.
100 കിലോഗ്രാം വരെയുള്ള ശേഷിയുള്ള വലിയ കമ്മ്യൂണിറ്റി സ്റ്റൗകളിൽ കാര്യമായ ഊർജ സംരക്ഷണ മികവ് ഉണ്ടാക്കാം. സമ്പൂർണ ജ്വലന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ സ്റ്റൗവുകളുടെ കാര്യക്ഷമത പരിശോധിച്ച വിദഗ്ധ സംഘം കണ്ടെത്തിയത് 40 കിലോ അരി പാകം ചെയ്യാൻ ഒരു ഹോട്ടലിന് ഏകദേശം 75 രൂപ വിലയുള്ള വിറക് മാത്രമേ ആവശ്യമുള്ളുവെന്നാണ്. 10 കിലോ കമേഴ്സ്യൽ കക്കിംഗ് ഗ്യാസിന് ഏകദേശം 1000 രൂപ ചിലവ് വരുമല്ലൊ.

താൻ രൂപകല്പന ചെയ്ത സ്റ്റൗവും ചൂളയും ലക്ഷക്കണക്കിന് മരങ്ങൾ സംരക്ഷിക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ തടയുകയും ചെയ്തുവെന്ന് ജയപ്രകാശ് വിലയിരുത്തുന്നു. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന് കീഴിലുള്ള സെൻ്റർ ഫോർ എനർജി ആൻ്റ് എൻവയോൺമെൻ്റ് സംയുക്തമായി നടപ്പാക്കുന്ന യുഎൻഡിപി പ്രോഗ്രാമിന് കീഴിൽ കോഴിക്കോട്, ഇടുക്കി ജില്ലകളിലെ 100 സ്കൂളുകളിൽ ഉച്ചഭക്ഷണമൊരുക്കാൻ ഇന്ധനക്ഷമതയുള്ള ഈ സ്റ്റൗ ഉപയോഗിക്കുന്നു.
ഊർജ്ജ സംരക്ഷണ രീതികളെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിനും ഐഐടി പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്കും ജയപ്രകാശ് പരിശീലനം നൽകിയിട്ടുണ്ട്.
- എങ്ങനെയാണ് ഇന്ത്യൻ സൈന്യത്തിന് ഈ അടുപ്പുകൾ സഹായകമായത്?
അതിർത്തിയിൽ തമ്പടിക്കുന്ന പട്ടാളക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് അനുയോജ്യമായത് എന്ന രീതിയിലേക്ക് തന്റെ അടുപ്പ് സ്വീകരിക്കപ്പെട്ടതിൽ
ജയപ്രകാശ് സന്തോഷിക്കുന്നു. പൂഞ്ച് സെക്ടറിലെ സുന്ദർ ബാണി വില്ലേജിൽ 899 ആർമി സർവീസ് കോർപ്പിലെ അനിമൽ ട്രാൻസ്പോർട്ട് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ജവാൻമാർക്ക് ജയപ്രകാശ് അടുപ്പിന്റെ ഉപയോഗ രീതികളെകുറിച്ച് ക്ലാസ്സ് എടുത്തു.
എളുപ്പം നിർമ്മിക്കാനും ക്യാമ്പ് മാറുമ്പോൾ ഉപേക്ഷിക്കാനും കഴിയുന്ന തരത്തിലുള്ള അടുപ്പുകൾ ആണിവ. പുകയില്ലാത്തതിനാൽ തീവ്രവാദികൾക്കും ശത്രുക്കൾക്കും സൈനികരുടെ താവളം കണ്ടുപിടിക്കാൻ ഒരു സൂചനയും നൽകുന്നില്ല. അതിനാൽ സൈന്യത്തിന് ഈ അടുപ്പുകൾ ഏറെ സഹായകമായി .
- പുകയില്ലാ അടുപ്പുകൾ അല്ലാതെ മറ്റ് കണ്ടുപിടുത്തങ്ങൾ എന്തൊക്കെയാണ്?
പ്രശംസ പിടിച്ചുപറ്റിയ സ്റ്റൗ നവീകരണത്തിനു പുറമേ, സാനിറ്ററി നാപ്കിൻ മാലിന്യങ്ങൾ കാര്യക്ഷമമായി കത്തിക്കാൻ കഴിവുള്ള ഒരു യന്ത്രവും ജയപ്രകാശ് കണ്ടുപിടിച്ചു. കൂടാതെ റൂം ഹീറ്റർ. അത് വലിയ രീതിയിൽ തന്നെ കശ്മീരിലെ ജനങ്ങൾക്ക് ഉപകാരമായിട്ടുണ്ട്. ഒരു പരിധിവരെ മറ്റു റൂം ഹീറ്ററുകളിൽ നിന്നുമുണ്ടാകുന്ന അപകടം ഈ ഹീറ്ററിൽ നിന്നും കുറയ്ക്കാം എന്നും ജയപ്രകാശ് അഭിപ്രായപ്പെട്ടു. ജയപ്രകാശിൻ്റെ കണ്ടുപിടുത്തത്തിൽ ശ്രദ്ധ നേടിയ മറ്റൊരു ഉപകരണം ആയിരുന്നു നപ്കിൻ ഡയജസ്റ്റർ. അതും വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സഹായിച്ചിരുന്നു.
- മറക്കാൻ പറ്റാത്ത പ്രധാനപ്പെട്ട അവസരങ്ങൾ ?
മുംബെ , ഡൽഹി ഐഐടികളിലും ഐഐഎം അഹമ്മദാബാദിലും ഹിമാചൽ പ്രദേശിലെ എൻഐടിയിലുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരുമായും ഡെവലപ്പ് ചെയ്ത അടുപ്പിലെ പുകയും തീയായ് മാറുന്ന സാങ്കേതികവിദ്യയെക്കുറിച്ച് സംവദിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്.
ചൈനയിലെ അടുപ്പു നിർമ്മാതാവുമായും ചൈനീസ് യൂണിവേഴ്സിറ്റിയിലെ സാങ്കേതിക വിദഗ്ദരോടും ഇൻഡ്യാ ഗവൺമെൻ്റിൻ്റെ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ട്മെൻ്റിലെ സാങ്കേതിക വിദഗ്ദരോടും എഞ്ചിനീയർമാരോടും ഒപ്പം ചേർന്ന് ഇന്ത്യാ- ചൈനാ ഗ്രാമങ്ങളിലെ പാചകരീതിക്കനുയോജ്യമായ ഭക്ഷതയേറിയ വിറകടുപ്പുകൾ ഡിസൈൻ ചെയ്തു നിർമ്മിച്ചു ജയപ്രകാശ്. കൂടാതെ ജയപ്രകാശ് ഡിസൈൻ ചെയ്ത് നിർമ്മിച്ച അടുപ്പിന് ഇന്ത്യൻ പാറ്റൻ്റ് അതോറിറ്റി പാറ്റൻ്റ് നൽകി സംരക്ഷിച്ചിട്ടുണ്ട് .

ബോളിവുഡ് നടനായ അക്ഷയ്ക്കുമാർ അദ്ദേഹത്തിൻ്റെ പാഡ്മാൻ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി മുംബെയിലേക്ക് ക്ഷണിച്ച് ജുഹു ബീച്ചിനടുത്തുള്ള ബായ് ദാസ് ഓഡിറ്റോറിയത്തിൽ വെച്ച് ജയപ്രകാശിനെ ആദരിക്കയുണ്ടായി .
അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പതിനഞ്ച് കണ്ടുപിടുത്തക്കാർക്കൊപ്പമായിരുന്നു ഈ ആദരവ്. അത് മറക്കാൻ പറ്റാത്ത അനുഭവമാണെന്ന് പറയുന്നു ജയപ്രകാശ്.
- പുതിയ പരീക്ഷണങ്ങൾ എന്താണ് ?
പരീക്ഷണങ്ങളെല്ലാം അടുപ്പിൽ എങ്ങനെയൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം എന്നത് തന്നെയാണ്. അടുപ്പിൽ നിന്നും താൻ ആഗ്രഹിക്കുന്ന അതിജ്വലനം അഥവാ നീല വെളിച്ചം തനിക്കിതുവരെ ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുംവരെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു.

ജയപ്രകാശ്, താങ്കളുടെ യാത്ര വിജയത്തിലേക്ക് തന്നെ കുതിക്കും. ആ യാത്രയിൽ ഒപ്പം ചേരാൻ ഒരുപാട് പുതുമുഖങ്ങളും എത്തും. പരീക്ഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും ഇഷ്ട്ടപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ജയപ്രകാശിന്റെ പാതകൾ പിന്തുടരും. ഭാവിതലമുറകൾക്കും പ്രചോദനമായിത്തീരും ജെപി ടെക്കിൻ്റെ സാരഥിയായ ജയപ്രകാശിൻറെ അന്വേഷണങ്ങളും സമർപ്പണവും