
ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി
- പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും
മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.
മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ജൈവവളങ്ങളും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കാനുള്ള സഹായവും പഞ്ചായത്ത് കർഷകർക്ക് ലഭ്യമാക്കി.
ഓണക്കാലവിപണി മുന്നിൽക്കണ്ട് രണ്ടുനിറങ്ങളിലുള്ള പൂക്കളാണ് കൃഷിചെയ്തത്. കൃഷി ചെയ്ത പതിനൊന്ന് ഗ്രൂപ്പുകൾക്കും മികച്ചവിളവാണുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു. കനത്തമഴ കൃഷിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായെങ്കിലും വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്തതുകൊണ്ട് കാര്യമായി ബാധിച്ചിട്ടില്ല. സൗഹൃദസംഘം, ഉദയം സംഘകൃഷി, സമൃദ്ധി സംഘകൃഷി, കർഷക കാർഷിക കൂട്ടായ്മ, വെജ് ആൻഡ് പുഞ്ച, ജവാൻ കൃഷിക്കൂട്ടം, ഒരുവട്ടംകൂടി, വർണം ഗ്രൂപ്പ്, ഗ്രീൻലാൻഡ്, ഒരുമ, പൂത്താലം എന്നീ ഗ്രൂപ്പുകളാണ് കൃഷിയിറക്കിയത്
പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യൂണിറ്റിനെ ഉപയോഗപ്പെടുത്തുമെന്നും ഓൺലൈൻ വിപണനസാധ്യത പരിഗണിക്കുമെന്നും പ്രസിഡന്റ് സി.കെ. ശ്രീകുമാർ, കൃഷി ഓഫീസർ ഫൗസിയ എന്നിവർ അറിയിച്ചു.
