
അരവിന്ദ് കെജ്‌രിവാളും സിസോദിയയും തോറ്റു; വൻതിരിച്ചടി
- ആകെയുള്ള 70 സീറ്റിൽ 46 ലും മുന്നേറിയാണ് ബിജെപി ഭരണമുറപ്പിച്ചത്
ന്യൂഡൽഹി :തിരഞ്ഞെടുപ്പിൽ എഎപിയ്ക്കു ഇരട്ടി ആഘാതമായി പാർട്ടി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടേയും തോൽവി.ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് വർമയോട് കെജ്‌രിവാൾ 3182 വോട്ടിന് പരാജയപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ ഡൽഹിയിലെ ആദ്യ തിരഞ്ഞെടുപ്പ് പരാജയം കൂടിയാണിത്.

ജങ്പുരയിൽ ബിജെപിയുടെ തർവീന്ദർ സിങ്ങിനോടാണ് സിസോദിയ 572 വോട്ടിന് തോറ്റത്. കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി ജയിച്ചു. മുൻ മന്ത്രിമാരടക്കം ആപ്പിന്റെ പല നേതാക്കളും പരാജയത്തിന്റെ വക്കിലാണ്. കോൺഗ്രസിന് ഇത്തവണയും ഒരുസീറ്റും ലഭിച്ചില്ല.

ഡൽഹിയിൽ 27 വർഷത്തിനുശേഷം ബിജെപി അധികാരത്തിലേറുകയാണ്. ആകെയുള്ള 70 സീറ്റിൽ 46 ലും മുന്നേറിയാണ് ബിജെപി ഭരണമുറപ്പിച്ചത്. കഴിഞ്ഞ രണ്ടുതവണയും വൻ ഭൂരിപക്ഷത്തിൽ ജയിച്ച എഎപിയ്ക്കു കനത്ത തിരിച്ചടിയാണ് നേരിട്ടത് .