
ആൺസുഹൃത്തുമായി സംസാരിച്ചതിന് ചോദ്യം ചെയ്തു:യുവതി ആത്മഹത്യ ചെയ്തു
- സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ :കണ്ണൂരിലെ കായലോട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ വി സി മുബഷിർ, കെ എ ഫൈസൽ, വി കെ റഫ്നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീന ജീവനൊടുക്കിയതിനെതുടർന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച റസീന മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളും കണ്ടാലറിയുന്ന ചിലരും ചോദ്യം ചെയ്യുകയും കൂടുതൽ ആളുകളെ വിളിച്ചുവരുത്തി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
റസീനയുടെ മാതാപിതാക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആൺ സുഹൃത്തിനെ സമീപത്തെ മൈതാനത്തിലെത്തിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. യുവാവിൻ്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കുകയും ചെയ്തു. പിന്നാലെയാണ് റസീനയെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.