
ഇന്ന് മുതൽ മൂന്ന്ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിൻവലിച്ചു
- ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം പിൻവലിച്ചതായി അറിയിച്ചിരിക്കുന്നത്
ന്യൂഡൽഹി: ഇന്ന് മുതൽ മൂന്ന് ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിൻവലിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം പിൻവലിച്ചതായി അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഒൻപത് മുപ്പതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുഎഫ്ബിയുവും തമ്മിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ച ധാരണയിൽ എത്തിയതാണ് സമരം പിൻവലിക്കാൻ കാരണം എന്നാണ് വിവരം.പ്രധാനമായും അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കണമെന്നായിരുന്നു ബാങ്ക് സംഘടനകളുടെ ആവശ്യം.

നിലവിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കിന് അവധിയുള്ളത്. തിങ്കൾ മുതൽ വെള്ളിവരെ മാത്രമാക്കി ബാങ്കിങ് ചുരുക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതിനുപുറമേ ജീവനക്കാരുടെ പ്രേത്സാഹന പദവി, പെൻഷൻ സംബന്ധമായ കാര്യങ്ങളും സമരാവശ്യമായി ഉന്നയിച്ചിരുന്നു. എന്നാൽ ഇന്നത്തെ ചർച്ചയിൽ എന്തെല്ലാം കാര്യങ്ങളിലാണ് ധാരണ ആയതെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
