
എക്സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് വിപുലീകരിക്കുന്നു
- വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകിയ ‘മെന്റർ’മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ പുതിയ നീക്കം
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് വിപുലീകരിക്കുന്നു. കമ്പനിയുടെ രൂപീകരണത്തിലും സിഎംആർഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകിയ ‘മെന്റർ’മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇഡി വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ഘട്ട ചോദ്യം ചെയ്യൽ.

എന്നാൽ, സിഎംആർഎല്ലുമായുള്ള ഐടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. കരാർ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നൽകിയില്ല, വാക്കാൽ ഉണ്ടാക്കിയ ധാരണകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ വീണ തയ്യാറായിട്ടില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
