
പിഎംഎവൈ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി
- പിഎംഎവൈ വീടുകളിൽ വെയ്ക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്നും പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെയ്ക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ല. പാവപ്പെട്ട മനുഷ്യർക്ക് കിട്ടുന്ന വീടുകൾ എംബ്ലത്തിന്റെ പേരിൽ മുടക്കേണ്ടതില്ല. ഫോട്ടോ വെക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സർക്കാർ പിഎംഎവൈ പദ്ധതി എതിർത്തതെന്നും കെ.എം. ഷാജി പറഞ്ഞു.പിഎംഎവൈ വീടുകളിൽ വെയ്ക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്നും പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെയ്ക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ പത്തുവർഷം കേരളത്തിൽ അഞ്ചുലക്ഷം വീടുകൾ നൽകിയെന്ന കണക്കാണ് നിയമസഭയിൽ കൊടുത്തത്.ഇതിൽ ലൈഫ് മിഷൻ നൽകിയ ഏകദേശം 1.60 ലക്ഷം വീടുകൾ പിഎംഎവൈ പദ്ധതി പ്രകാരം നിർമിച്ചവയാണ്.

നഗരമേഖലകളിൽ 1.20ലക്ഷം വീടുകളും റൂറൽ മേഖലയിൽ 38,000 വീടുകളുമാണ് നൽകിയത്.പിഎംഎവൈയുടെ വീടുകളിലെല്ലാം എബ്ലം ഉണ്ട്. എന്നാൽ, എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടവുമില്ല പേരുമില്ല. വീടുകളിൽ എബ്ലം വെയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിൽ പിഎംഎവൈ പ്രകാരം നൽകിയ 1.60 ലക്ഷം വീടുകളിൽ ഏതെങ്കിലുമൊന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാൽ ഞാൻ തെറ്റു സമ്മതിക്കാം, ഷാജി കൂട്ടിച്ചേർത്തു.
തന്നെക്കുറിച്ചുള്ള എ. കെ. ബാലൻ്റെ വിമർശനം തമാശയെന്നും ഷാജി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
