
കിഫ്ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം
- കിഫ്ബിയിൽ വിവാദം ഉണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണ്. കിഫ്ബി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെപ്രതിഷേധം ഉയരണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്
കണ്ണൂർ: കിഫ്ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം. കിഫ്ബിയെ മുഖ്യമന്ത്രി വി ഡി സതീശൻ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ട് നയിക്കേണ്ട മുഖ്യമന്ത്രി സങ്കുചിത പ്രചാര വേല നടത്തി കണ്ണൂരിനെ ഇകഴ്ത്തുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കിഫ്ബിയിൽ വിവാദം ഉണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണ്. കിഫ്ബി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെപ്രതിഷേധം ഉയരണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്.

അതേസമയം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചകൾ തുടരുകയാണ്.പയ്യന്നൂരിലേയും തളിപ്പറമ്പിലേയും തോൽവിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയരുമെന്നാണ് സൂചന. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം, ഹലാൽ ഫായിദാ ക്രമക്കേട് ആരോപണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന edi യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.
