
കുറ്റ്യാടി-കൈപ്രംകടവ് റോഡ് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ
- ഓവുച്ചാൽ നിർമ്മിക്കാത്തതിനാൽ മഴയിൽ ചെളി ഒഴുകിവന്ന് റോഡ് മുഴുവൻ ചളിക്കുളമായി
വേളം: കുറ്റ്യാടി-കൈപ്രംകടവ് റോഡിന്റെ നിർമാണത്തിലെ അപാകത്തിൽ പ്രതിഷേധം ശക്തമാകുന്നു. വേളം പഞ്ചായത്തിലെ പെരുവയൽ ഭാഗങ്ങളിൽ ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും റോഡിൻ്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമിക്കാതെയാണ് റോഡ് നിർമിച്ചത്. ഇതോടെ കഴിഞ്ഞ ദിവസത്തെ മഴയിൽ ചെളി ഒഴുകിവന്ന് റോഡ് മുഴുവൻ ചളിക്കുളമായ അവസ്ഥയിലാണുള്ളത്.
ശനിയാഴ്ച ടാറിങ് പൂർത്തിയാക്കിയ കൊമ്മാട്ട്കണ്ടി ഭാഗങ്ങളിൽ കാനകൾ നിർമിക്കാത്തത് കാരണം അരമ്പ മലയിൽനിന്നും വെള്ളം ശക്തമായി ഒഴുകിവന്ന് റോഡ് മുഴുവൻ ചെളിയായി. മഴക്കാലത്ത് ശക്തമായ ഒഴുക്ക് പ്രസ്തുത ഭാഗങ്ങളിൽ ഉണ്ടാകുമെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും റോഡിൻ്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമിക്കാതെ റോഡ് ടാർ ചെയ്തതാണ് ചളയിൽ മൂടാൻ കാരണമായതെന്നാണ് പരിസരവാസികൾ പറയുന്നത്.
അരമ്പ മലയിൽനിന്ന് കുത്തിയൊലിച്ചുവന്ന മഴവെള്ളം റോഡിലൂടെ കനാലിലേക്ക് ഇറങ്ങിയതോടെ കനാലിൽ മണ്ണ് നിറഞ്ഞിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ഓവുചാൽ നിർമിച്ചിട്ടില്ലെങ്കിൽ റോഡ് നിർമാണം നടക്കുന്ന പെരുവയൽ ഭാഗം തകർന്നുപോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. റോഡ് നിർമാണം നടക്കുന്ന ചെറിയാരോത്ത് മുക്കിൽ കലുങ്ക് വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൂളിക്കുന്ന് സ്റ്റേഡിയത്തിനടുത്ത് കയറ്റം കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.