
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ; ഫീസ് നിരക്ക് ഇങ്ങനെ
- 22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും
തിരുവനന്തപുരം: പൊതുജനത്തിന് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലൂടെ ഡ്രൈവിങ് പഠിക്കാം. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് കെഎസ്ആർടിസിയിലെ ഫീസിളവ്. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുമുണ്ട്.

കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുക.കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകരായി എത്തുക.
സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുൻഗണന,നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കും.