
കേന്ദ്ര -കേരള സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ രംഗത്തിറങ്ങുക- കെ എസ് ടി എ
- സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: കേന്ദ്ര -കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,ദേശീയ വിദ്യാഭ്യാസ നയം-2020 പിൻവലിക്കുക,ശമ്പളപരിഷ്കരണ നടപടികൾ ഉടൻ പൂർത്തിയാക്കുക,
ലേബർ കോഡുകൾ പിൻവലിക്കുക, കെ ടെറ്റ് യോഗ്യത -നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുക, അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സെപ്റ്റംബർ 19ന് സംഘടിപ്പിക്കുന്ന ജില്ലാ അധ്യാപക മാർച്ചും ധർണയും വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് കെ എസ് ടി എ ജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയ സമീപനവുമായി മുന്നോട്ടുപോകുമ്പോൾ ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ടെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനും, ,വാണിജ്യവൽക്കരിക്കുന്നതിനും പൊതുവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ വികസന മുന്നേറ്റം തകർക്കുന്നതിനും കാരണമാകുന്ന പി എം ശ്രീ പദ്ധതി ഉൾപ്പെടെ നടപ്പിലാക്കിക്കൊണ്ട് കേരള സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹം ഒന്നായി രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണൻ, വി പി മനോജ്എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു.
