
കേരളത്തിൽ 86,000 പേർ റേഷൻ കാർഡ് മുൻഗണനാപട്ടികയിൽനിന്ന് പുറത്താകും
റേഷൻകാർഡിലും പാൻകാർഡിലും ലിങ്ക് ചെയ് ആധാർ നമ്പർ ഉപയോഗിച്ച് എ.ഐ. സഹായത്തോടെയാണ് കണ്ടെത്തിയത്
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന് മുൻഗണനാ റേഷൻ കാർഡുകാരുടെ വിവരങ്ങൾ കണ്ടെത്തി കേന്ദ്രം കേരളത്തിന് കൈമാറി. മൂന്നുലക്ഷത്തിനുമേൽ വാർഷിക വരുമാനമുണ്ടെന്ന് കണ്ടെത്തിയ 86,000 പേർ മുൻഗണനാപട്ടികയിൽനിന്ന് പുറത്താകും. ഇവർ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കും. കുടുംബത്തിൽ ആരെങ്കിലും ആദായനികുതി ഒടുക്കുന്നവരാണെങ്കിൽ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. പട്ടികയിലുൾപ്പെട്ടവരുടെ വിവരങ്ങൾ തുടർനടപടിക്കായി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറി. പി.എം. കിസാൻ പദ്ധതിപ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്.ഇതിൽപ്പെടുന്ന മുൻഗണനാവിഭാഗത്തിൽപ്പെടുന്ന വർക്കും പിടിവീഴും.

ജി.എസ്.ടി. രജിസ്ട്രേഷൻ, കമ്പനി രൂപവത്കരണം തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്ന മുൻഗണനാ കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും നിർദേശമുണ്ട്. ഇവരെല്ലാം സൗജന്യമായി കൈപ്പറ്റിയ ധാന്യങ്ങളുടെ അളവ് കണക്കാക്കി അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും നിരക്കിലാകും പിഴ ഈടാക്കുക. റേഷൻകാർഡിലും പാൻകാർഡിലും ലിങ്ക് ചെയ് ആധാർ നമ്പർ ഉപയോഗിച്ച് എ.ഐ. സഹായത്തോടെയാണ് കണ്ടെത്തിയത്.റിട്ടേൺ ഫയൽചെയ്തതിലെ വിവരങ്ങൾ ക്രോഡീകരിക്കുമ്പോൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ട അനർഹരെന്നു സംശയിക്കുന്നവരുടെ വിവരങ്ങൾ ‘സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ വഴി ലൈവായി സംസ്ഥാനങ്ങൾക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്രം സജ്ജമാക്കിയത്.
വരുംദിവസങ്ങളിൽ കൂടുതൽപ്പേർ ഈ പട്ടികയിൽ ഉൾപ്പെടാം
