
കൊച്ചി അൽ – റീം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്
- ഭക്ഷ്യവിഷബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ഷാഹിർഷാ അറിയിച്ചു
കൊച്ചി : കതൃക്കടവ് അൽ – റീം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർമലയിടംതുരുത്ത് സ്വദേശികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ അൽ – റീം ഹോട്ടലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പൂണിത്തുറ താമസിക്കുന്ന ടോണി പീറ്റർ നൽകിയ പരാതിയിലാണു നോർത്ത് പോലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലിൽ നിന്നു നേരത്തേ ഭക്ഷണം കഴിച്ചവരിൽ 8 പേർ കൂടി ഇന്നലെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ 2 കുട്ടികളെ അഡ്മിറ്റ് ചെയ്തു. വൈറ്റിലയിലെ മറ്റൊരു ആശുപത്രിയിലും 2 പേർ ചികിത്സയിലുണ്ട്. പരാതിയെ തുടർന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഹോട്ടലിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫലം ലഭ്യമായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമ്മിഷണർ ജോസ് ലോറൻസ് പറഞ്ഞു.
