
കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന് രാജ്യസഭയിൽ ഉന്നയിച്ച് പി.ടി ഉഷ
- പി.ടി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി നൽകിയെന്നും പി.ടി ഉഷ
ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുയർത്തി പി.ടി ഉഷ എംപി. രാജ്യസഭയിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാർ ഇതിനായി 153.46 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിർദേശിക്കപ്പെട്ട പദ്ധതിക്കായി തന്റെ പി.ടി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി നൽകിയിരുന്നുവെന്നും പി.ടി ഉഷ സഭയിൽ വ്യക്തമാക്കി. കിനാലൂരിലെ കാലാവസ്ഥയും എയിംസിന് അനുയോജ്യമാണ്. കിനാലൂരിൽ എയിംസ് സ്ഥാപിച്ചാൽ തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങൾക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നും പി.ടി ഉഷ രാജ്യ സഭയിൽ പറഞ്ഞു.കേന്ദ്രബജറ്റിൽ, സംസ്ഥാന സർക്കാർ ഉന്നയിച്ച 16 ആവശ്യങ്ങളിൽ ഒന്ന് എയിംസായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല.

എയിംസ് അവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരിൽ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങൾ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്‌തിരുന്നു.
കിനാലൂരിൽ കെ.എസ്.ഐ.ഡി.സി.യുടെപക്കൽനിന്ന് ആരോഗ്യവകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമിക്ക് പുറമേ സ്വകാര്യവ്യക്തികളിൽനിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുത്തുമാണ് 250 ഏക്കർ ഭൂമി എയിംസിനായി മാറ്റിവെച്ചത്. ബജറ്റിന് മുൻപുതന്നെ ഇത്തവണ എയിംസിനെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു കേരളം.