
ജനവിധി അംഗീകരിക്കാതെ തെരുവിൽ സമരം നടത്തിയിട്ട് കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
- ഡൽഹി ജൽ ബോർഡ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒന്നും നേടാനാകില്ലെന്നും രാഷ്ട്രീയ നേതാക്കൾ ജനക്ഷേമ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടർപട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് കവർച്ച’യും ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെ വിമർശിച്ച അദ്ദേഹം, ജനവിധിയെ അട്ടിമറിക്കാൻ ഇത്തരം അനാവശ്യ രാഷ്ട്രീയ തന്ത്രങ്ങളും ആൾക്കൂട്ട രാഷ്ട്രീയവും ഉപയോഗിക്കരുതെന്നും താക്കീത് ചെയ്തു. ഔട്ടർ ഡൽഹിയിൽ 8,941 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 33 ഡൽഹി ജൽ ബോർഡ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിധി അംഗീകരിക്കാതെ തെരുവിൽ സമരം നടത്തിയിട്ട് കാര്യമില്ലെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കണം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെങ്കിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം കോൺഗ്രസും എഎപിയും ഇപ്പോൾ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നുപോലും പൂർണ്ണമായി തുടച്ചുനീക്കപ്പെടാൻ ഇടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
