
ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ പ്രതിയായ അധ്യാപകൻ ഡോ. എം.കെ റാമിനായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
- റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കം ഊർജിതമാക്കിയത്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ പ്രതിയായ അധ്യാപകൻ ഡോ. എം.കെ റാമിനായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കം ഊർജിതമാക്കിയത്.ക്ലാസ് മുറിയിൽവച്ച് നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകർക്കുള്ള സന്ദേശമാണ്.

വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്.തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാർഥികളും രംഗത്തെത്തിയിരുന്നു.
