
നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
- അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം: നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ വീടുകളിൽ ക്ലോറിനേഷൻ നടത്തി. കോഴിക്കോട് വടകരയിൽ മൂന്ന് കുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുട്ടികൾ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ചികിത്സ തേടിയ ഒരു കുട്ടിക്ക് ആദ്യം രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ രണ്ട് പേർക്ക് കൂടി ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.സ്കൂളിലെ വെള്ളം പരിശോധനക്കയച്ചു. സമീപത്തെ 290 വീടുകളിലെ കിണറുകൾ ക്ലോറിനെറ്റ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.
