
പരാതികൾക്ക് പരിഹാരം കാണാൻ സർക്കാർ ആശുപത്രികളിൽ പരാതി പരിഹാര സംവിധാനം വരുന്നു
- ചികിത്സ പിഴവ്, കൈക്കൂലി, ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
തിരുവനന്തപുരം:പരാതികൾക്ക് പരിഹാരം കാണാൻ സർക്കാർ ആശുപത്രികളിൽ പരാതി പരിഹാര സംവിധാനം വരുന്നു. ചികിത്സ പിഴവ്, കൈക്കൂലി, ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികളിൽ വിജിലൻസ് ഓഫീസറുടെ നമ്പർ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ പരസ്യപ്പെടുത്താൻ നിർദേശം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്.ആശുപത്രി സൂപ്രണ്ടിന്റെ നമ്പറും നിർബന്ധമായുംപ്രദർശിപ്പിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾക്കായി ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. സ്ഥാപനത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഡോക്ടർമാരുടെ എണ്ണം ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളുടെ എണ്ണം ഓരോ ഡോക്ടറുടെയും ലഭ്യമായ കൺസൾട്ടേഷൻ/OP സമയങ്ങൾ അല്ലെങ്കിൽ ടൈം സ്ലോട്ടുകൾ എന്നിവയാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കേണ്ടത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് മുടങ്ങാതിരിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടതിന് പുറമേ, ഏതെങ്കിലും മരുന്നുകൾക്ക് ക്ഷാമം നേരിട്ടാൽ കാരുണ്യ ഫാർമസികൾ വഴി ലോക്കൽ പർച്ചേസ് നടത്താൻ എല്ലാ സ്ഥാപന മേധാവികൾക്കും നിർദേശം നൽകി.
