
പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്
- വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷൻ. പി സി വിഷ്‌ണുനാഥ്, എം ലിജു, റോജി എം ജോൺ എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ ചുമതലയുളള ജില്ലകളിലായതിനാൽ തന്നെ ഓൺലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചർച്ച ചെയ്യും. ഉപസമിതി റിപ്പോർട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്കൂളുകൾ തെരഞ്ഞെടുക്കൽ തുടങ്ങിയവ ചർച്ചയാകും.കേന്ദ്രസർക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേർന്നത്. പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷൻ. പി സി വിഷ്‌ണുനാഥ്, എം ലിജു, റോജി എം ജോൺ എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും പദ്ധതിയിൽ മുന്നോട്ടുള്ള കാര്യങ്ങൾ നീക്കുകയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും തുടർന്നുള്ള നടപടി. കേന്ദ്രസർക്കാരുമായി ചില കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎംശ്രീയിൽ ഉൾപ്പെടെ അതുണ്ട്. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങൾ തീരുമാനിക്കുക’ എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.
