
മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു
- സംഭവത്തിൽ ഹോർഷോക്മി ജമാങ് എന്നയാൾ കൊല്ലപ്പെട്ടു.
ന്യൂഡൽഹി: മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്റുൽ ജില്ലയിലാണ് സംഘർഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാഗ, കുക്കി വിഭാഗങ്ങളിലെ ആയുധധാരികളായ ആളുകൾ തമ്മിൽ വെടിവെപ്പുണ്ടായതാണ് ആദ്യത്തെ സംഭവമെന്ന് പൊലീസ് അറിയിച്ചു. സിനാകേയ്തേയ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഹോർഷോക്മി ജമാങ് എന്നയാൾ കൊല്ലപ്പെട്ടു.

മൂന്ന് പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു.മറ്റൊരു സംഘർഷമുണ്ടായത് മുല്ലം ഗ്രാമത്തിലാണെന്നും പൊലീസ് അറിയിച്ചു. കുക്കികൾക്ക് സ്വാധീനമുള്ള ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.നാഗ കേഡർമാർ കുക്കികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മുല്ലം ഗ്രാമത്തിൽ നാഗ വിഭാഗക്കാർ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.
