
മത്സരം കനക്കുന്നു; കോഴിക്കോട് ആർക്കൊപ്പം ?
- എം.കെ. രാഘവനും രാജ്യസഭാ അംഗമായ സിപിഎമ്മിലെ എളമരം കരീമും തമ്മിലാണ് പ്രധാന മത്സരം
കോഴിക്കോട്: പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തെത്തിനിൽക്കെ കോഴിക്കോട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മത്സരം ചൂടുപിടിക്കുന്നു. മൂന്നുതവണ വിജയം ആവർത്തിച്ച കോൺഗ്രസിലെ
എം.കെ. രാഘവനും രാജ്യസഭാ അംഗമായ സിപിഎമ്മിലെ എളമരം കരീമും തമ്മിലാണ് പ്രധാന മത്സരം. ഇതിൽ ആര് വിജയിക്കുമെന്ന് പ്രവചനാതീതമാണ്. ഇരുപക്ഷവും വിജയസാധ്യതക്കുള്ള കാര്യകാരണങ്ങൾ നിരവധി നിരത്തുന്നുണ്ട്.
നിലവിലെ എം.പി. പൊതുവേ ജന സമ്മതനായ ജനപ്രതിനിധി എന്ന ഒരു ഇമേജ് ഉണ്ടാക്കിയിട്ടുണ്ട്. ആർക്കും എപ്പോഴും നേരിട്ട് കാണാനും കാര്യങ്ങൾ സംസാരിക്കാനുമുള്ള അവസരം അദ്ദേഹം എപ്പോഴും ഉണ്ടാക്കാറുണ്ട് എന്നുള്ളതാണ് ഒരു പ്ലസ് പോയിൻ്റ്. കൂടാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷൻ പോലുള്ള വിഷയങ്ങളിൽ എം.കെ. രാഘവന്റെ ഇടപെടൽ ഫലം കണ്ടു എന്ന് പൊതുവെ കരുതപ്പെടുന്നു. എന്നാൽ മുഖ്യ എതിരാളിയായ എളമരം കരീം പതിറ്റാണ്ടുകളായി കോഴിക്കോട് ട്രേഡ് യൂണിയൻ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ പ്രവർത്തിച്ചു പരിചയമുള്ള വ്യക്തിയാണ്. മാത്രവുമല്ല കോഴിക്കോട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമാണ്. അതു കൊണ്ടുതന്നെ അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലാണ് ഒരു വിഭാഗം.
ബിജെപി സ്ഥാനാർഥി എം.ടി. രമേശും ശക്തമായ പ്രചാരണം കാഴ്ച വെച്ച് കളത്തിലുണ്ട്. വാേട്ട്ഷെയർ വർദ്ധിപ്പിച്ച് ബിജെപിയുടെ കരുത്ത് തെളിയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ദേശീയ-സംസ്ഥാന രാഷ്ട്രീയവും ഭരണവും ചർച്ചചെയ്യപ്പെടുന്ന തിര ഞ്ഞെടുപ്പ് പ്രചാരണം അനുദിനം ശക്തിപ്പെട്ടു വരികയാണ്. എന്തായിരുന്നാലും കോഴിക്കോടിൻ്റെ പ്രതിനിധി ആരെന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടതുണ്ട്.