
മുട്ട പഫ്സിൽ നിന്ന് ഭക്ഷ്യവിഷബാധ;കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
- ബേക്കറി അടപ്പിച്ചു
തിരുവമ്പാടി: മുട്ട പഫ്സ് കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബേക്കറിയിൽ നിന്ന് പാഴ്സലായി വാങ്ങിയ പഫ്സിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.കലശലായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരഞ്ചാട്ടി ആച്ചാണ്ടി ബിജുവിന്റെ മക്കളായ ക്രിസ്റ്റി പോൾ തോമസ് (16), ക്രിസാനോ പോൾ തോമസ് (14), ക്രിസ് പോൾ തോമസ് (12) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേ റ്റത്. കണ്ണൂർ ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ വിദ്യാർഥികളാണ് മൂവരും.വ്യാഴാഴ്ച വൈകുന്നേരമാണ് തിരുവമ്പാടി ലിസ ഹോസ്പിറ്റലിനു സമീപമുള്ള മലബാർ ബേക്കറിയിൽനിന്ന് കുടുംബം മൂന്ന് പഫ്സും നെയ്യപ്പവും പാഴ്സൽ വാങ്ങുന്നത്. വീട്ടിലെത്തി കഴിച്ച് അരമണിക്കൂറിനകം വയറുവേദന തുടങ്ങി.പഫ്സ് കഴിച്ച മൂന്നു കുട്ടികൾക്കുമാത്രമാണ് വിഷബാധയേറ്റത്.
ആരോഗ്യവകുപ്പിന് നൽകിയ പരാതിയെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അനു സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അയന, കെ.ബി. ശ്രീജിത്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സി.എം. റീന തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് ബേക്കറിയിൽ പരിശോധന നടത്തിയത്.