
മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ
- മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം : മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.1200 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട്, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തിൽ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുൻഗണനാ കാർഡ് നൽകുന്നതിന്റെ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. മാനദണ്ഡങ്ങൾ പുതുക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ കെ ഹിമയ്ക്കു സംസ്ഥാന സർക്കാർ നിർദേശം നൽകി. മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുൻഗണനാ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാൻ അതതു സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. നിലവിൽ 1000 ചതുരശ്രയടിയിലേറെ വിസ്തീർണമുള്ള വീടുള്ളവർക്കും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉള്ളവർക്കും (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) മുൻഗണനാ കാർഡ് ലഭിക്കില്ല. 1000 ചതുരശ്രയടിയിലേറെ വിസ്തീർണമുള്ള വീടുള്ള ഒട്ടേറെ പട്ടികജാതി കുടുംബങ്ങളടക്കം മുൻഗണനാ കാർഡിന് അപേക്ഷിക്കാനാവാതെ വലയുകയാണ്. ഇതിൽ പലരുടെയും വീടിൻ്റെ സ്ഥിതി പരിതാപകരമാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം.
