
രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ നടപടി സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി
- നെയ്യാറ്റിൻകര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്
തിരുവനന്തപുരം:നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ നടപടി. രോഗിയെ ഗേറ്റിൽ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. രോഗിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. മുൻ എംഎൽഎയുടെ ശിപാർശ പ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചത്. ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഡിഎച്ച്എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ ക്യൂവിൽ നിർത്തിയെന്നാണ് പരാതിചികിത്സ വൈകിയതിന പിന്നിലെ കാരണക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ആരോപണവിധേയനായ സെക്യൂരിറ്റിയെ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. രാജേഷിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യും. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന് മാത്രമല്ല പിഴവുണ്ടായതെന്ന് മരിച്ച രാജേഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.
