
‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കം; സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ
- വൈകിട്ട് 5ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം: ഹിറ്റായ പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കം. കെ.എസ്.ആർ.ടി.സി ടെർമിനലുകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് 5ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും.

മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും. മേയർ വി.വി രാജേഷ് പങ്കെടുക്കും. യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 14 ബസ് ടെർമിനലുകളിലാണ് വെൻഡിങ് മെഷീൻ സ്ഥാപിക്കുക. ഇതിനുശേഷം കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
