
വേനൽ കനത്തു, കുടിവെള്ള ക്ഷാമം രൂക്ഷം; ജൽ ജീവനായി കാത്ത് കീഴരിയൂർ
- പ്രദേശം കടുത്ത വരൾച്ചയിലാണ്
കീഴരിയൂർ: വേനൽ ചൂട് കനത്തത്തോടേ കീഴരിയൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമത്തിന് കുറച്ചു ദിവസം പരിഹാരം ഉണ്ടാകുമായിരുന്നു.എന്നാൽ കനാലിൽ ഇതുവരെ വെള്ളം എത്തിയിട്ടില്ല.

അരിക്കുളം പഞ്ചായത്ത് കടന്നുവരുന്ന നടുവത്തൂർ മെയിൻ കനാലിലും ഇതുവരെ വെളളം എത്തിയിട്ടില്ല. ഇതു കാരണം പ്രദേശം കടുത്ത വരൾച്ചയിലാണ്. മിക്ക ജലനിധി പദ്ധതികളും പമ്പിംങ് ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഉള്ളൂ. മണ്ണാടിമ്മൽ ജന നിധി പദ്ധതിയുടെ മോട്ടോർ കേടായിട്ട് മാസങ്ങളായി. നന്നാക്കാൻ വലിയൊരു തുക വേണ്ടത് കാരണം നന്നാക്കാൻ സാധിച്ചിട്ടില്ല. കീഴരിയൂരിൽ ജൽ ജീവൻ പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞു എന്നാൽ ഇതുവരെ ജല വിതരണം തുടങ്ങിയിട്ടില്ല. ഈ വേനൽ കാലത്തെങ്കിലും പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.