
ശബരിമല: തീർഥാടകർക്ക് കേരള സദ്യ വിളമ്പി തുടങ്ങി
- പരിപ്പ്, സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്.
പത്തനംതിട്ട: അന്നദാനത്തിന്റെ ഭാഗമായി ശബരിമല തീർഥാടകർക്ക് കേരള സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്.

അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കിൽ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കും. ഇനിയുള്ള ദിവസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ വിളമ്പും. ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമർപ്പിച്ചു.തുടർന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തർക്ക് സദ്യ വിളമ്പി. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് സദ്യക്ക് ഉപയോഗിക്കുന്നത്. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗഹത്താൽ തുടർന്നുള്ള ദിവസങ്ങളിലും സദ്യ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു
