
സംഗീതത്തിന്റെ ഉൾക്കാഴ്ചയിൽ ഗോപാലകൃഷ്ണൻ മാഷ് ഇപ്പോഴും പാടുന്നു
- 66-ാം വയസിലും. കോഴിക്കോട് കടലുണ്ടിയിലെ കോട്ടക്കടവിലാണ് താമസമെങ്കിലും തന്റെ സംഗീത ജീവിതത്തിന്റെ തട്ടകം കൊയിലാണ്ടിയാണെന്ന് മാഷ് പറഞ്ഞു
കൊയിലാണ്ടി:കാഴ്ച പരിമിതി സംഗീത സാധനയിലൂടെ അതിജീവിച്ച ഗോപാല കൃഷ്ണൻ മാഷ് ഇപ്പോഴും സക്രിയമായി സംഗീത ലോകത്തുണ്ട്. 66-ാം വയസിലും. കോഴിക്കോട് കടലുണ്ടിയിലെ കോട്ടക്കടവിലാണ് താമസമെങ്കിലും തന്റെ സംഗീത ജീവിതത്തിന്റെ തട്ടകം കൊയിലാണ്ടിയാണെന്ന് മാഷ് പറഞ്ഞു. ഓ ദുനിയാ കെ രഘുവാല …. മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ ഗോപാലകൃഷ്ണൻ ആലപിക്കുന്നത് ആസ്വാദക മനസുകളിൽ മായാതെ കിടപ്പുണ്ട്. സ്വർഗപുത്രി നവരാത്രി …. മാരിവില്ല് പന്തലിട്ട …. നിൻ മണിയറയിലെ … തുടങ്ങി മലയാള ഹിറ്റുകളുമായി 1983 – മുതൽ കൊയിലാണ്ടിയിലേയും പരിസര പ്രദേശങ്ങളിലെ ഗാനമേള അരങ്ങുകളിൽ നിറഞ്ഞുനിന്നിരുന്ന പേരായിരുന്നു ഗോപാലകൃഷ്ണന്റേത്.
പാലക്കാട് ചെമ്പെെ സംഗീത കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം അധ്യാപകനായി. അഴിയൂർ, പൂനൂർ, അവിടനെല്ലൂർ, ചെറുവണ്ണൂർ സ്കൂളുകളിൽ ജോലി ചെയ്തു. സംഗീതാധ്യാപകൻ കുറുവങ്ങാട് ഗംഗാധരൻ വഴിയാണ് കൊയിലാണ്ടിയുമായി ബന്ധപ്പെടുന്നത്. ഗായകൻ മണക്കാട് രാജനാണ് ഗാനമേള വേദിയിലെത്തിച്ചത് കൂടെ തബലിസ്റ്റ് ജയപാലും. ആദ്യത്തെ വേദി കൊയിലാണ്ടിയിലെ ആന്തട്ട സ്കൂളിലായിരുന്നു വെന്ന് അദ്ദേഹം ഓർത്തെടുത്തു. അടുത്തിടെ ടൂറിസം വകുപ്പിന്റെ പരിപാടിയിൽ പാടിയിരുന്നു. പ്രത്യേക ട്രൂപ്പിലൊന്നുമല്ലാതെയാണ് ഇപ്പോഴും പരിപാടിക്ക് പോകുന്നത്. ഒരു കാലത്ത് കൊയിലാണ്ടി രാഗതരംഗ് ഓർക്കസ്ട്രയുമായി സഹകരിച്ചും വേദി പങ്കിട്ടിരുന്നു. ജന്മനാ കാഴ്ച പരിമിതിയുണ്ടെങ്കിലും ഒറ്റയ്ക്കാണ് യാത്ര. ക്ഷേത്രോത്സവങ്ങളുൾ പ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം ഗാനമേള മുഖ്യ ഇനമായ കാലത്താണ് മാഷിന്റെ അരങ്ങേറ്റം. പുതിയ കാലം പോലെ ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾ അടിച്ചു തിമർക്കുന്ന കാലമായിരുന്നില്ല അത്. കാലം മാറിയെങ്കിലും പഴയ പാട്ടുകളിഷ്ടപ്പെടുന്ന ആസ്വാദകർ ഇപ്പോഴും ധാരാളമുണ്ടെന്നതാണ് ഗോപാലകൃഷ്ണന് ഇന്നും ആവേശം പകരുന്നത്. യൂടുബിലൂടെ ഗോപാലകൃഷ്ണന്റെ പാട്ട് നിരവധിപ്പേർ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. എന്നാലും
ഗാനമേളകളിലെ ഒരവസരം പോലും പാഴാക്കാൻ അദ്ദേഹം തയ്യാറല്ല. ഭാര്യ ഗീതയും സംഗീത യാത്രക്ക് പ്രോത്സാഹനവുമായി അദ്ദേഹത്തിനൊപ്പമുണ്ട്.