
സംസ്ഥാന വഖഫ് ബോർഡ് രൂപീകരണം ചോദ്യം ചെയ്തുകൊണ്ടുള്ള നാല് ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
കേസിൽ വഖഫ് ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും
കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് രൂപീകരണം ചോദ്യം ചെയ്തുകൊണ്ടുള്ള നാല് ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ വഖഫ് ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.വഖഫ് ബോർഡിൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയ വിവരവും, എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസിൽ വാദം കേൾക്കണമെന്ന സുപ്രിംകോടതി നിർദേശവും സർക്കാരും വഖഫ് ബോർഡും ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കേസിൽ എല്ലാ എതിർകക്ഷികളുടെയും മറുപടി ലഭ്യമാകുന്നതിനായി കോടതി സാവകാശം നൽകാൻ സാധ്യതയുള്ളതിനാൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകാൻ സാധ്യത കുറവാണ്.വഖഫ് ബോർഡിൻ്റെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.11 അംഗ ബോർഡിൽ പുതിയ നിയമമനുസരിച്ച് രണ്ട് അമുസ്ലിം പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യത്തിൽ എതിർപ്പില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മുമ്പ് കേസ് പരിഗണിച്ചപ്പോഴും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഹൈക്കോടതി ഹരജികൾ കൂടുതൽ വാദത്തിനായി മാറ്റിവെക്കുക.
