
സവാളവില കണ്ണു നനയ്ക്കുന്നു;കിലോ 65 രൂപ
- സാധാരണ കിലോഗ്രാമിന് 10-12 രൂപയായിരുന്നെങ്കിൽ ഇത്തവണ 20-25 രൂപവരെ നൽകേണ്ടിവന്നു.
തൃശ്ശൂർ : സവാളവില വീണ്ടും കണ്ണുനനയ്ക്കുന്നു. കിലോ 28-30 രൂപയായിരുന്ന സവാളയ്ക്ക് കേരളത്തിൽ ഇപ്പോൾ 65-70 രൂപയാണ്. വലിപ്പം കൂടിയ സവാള കിട്ടാനുമില്ല. 55 മില്ലീമീറ്റർ ചുറ്റളവുള്ള ഉള്ളിക്കാണ് ഇവിടെ ഡിമാൻഡ്. വിപണിയിലെ ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ ഇടപെടൽ നടത്തുന്ന കേന്ദ്ര ഏജൻസിയായ നാഫെഡ് സംഭരിച്ചുവെച്ചിരിക്കുന്നതാകട്ടെ , 35 മില്ലി മീറ്ററോ അതിൽ താഴെയോ ഉള്ളതും. സവാള ഏറ്റവുമധികം ഉപയോഗിക്കുന്ന ഹോട്ടലുകാരും കാറ്ററിങ്ങുകാരും അത് എടുക്കാൻ മടിക്കുന്നു.സാധാരണ കിലോഗ്രാമിന് 10-12 രൂപയായിരുന്നെങ്കിൽ ഇത്തവണ 20-25 രൂപവരെ നൽകേണ്ടിവന്നു. അതിനാൽ ഇത്തവണ 40,000 ടൺ സവാളയേ നാഫെഡ് സംഭരിച്ചുള്ളു.

വിപണി ഇടപെടൽ നടത്തുന്ന മറ്റൊരു കേന്ദ്ര ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റിവ് കൺസ്യൂമർ ഫെഡറേഷനും (എൻ.സി.സി.എഫ്.) ഇത്രതന്നെയേ സംഭരിച്ചുള്ളു. വിലകൂടുതലും ഗുണംകുറവും തന്നെയായിരുന്നു കാരണം. സാധാരണ രണ്ടുലക്ഷം ടണ്ണോ അതിൽ കൂടുതലോ സംഭരിക്കുന്നതാണ് രണ്ട് ഏജൻസികളും. അതായത്, വില ഇനിയും കൂടിയാലും രണ്ട് ഏജൻസികൾക്കും ഇടപെടാൻ പരിമിതിയുണ്ടാകും. വില ഉയരുമ്പോൾ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് നാഫൈഡ് കേരളത്തിൽ സവാള എത്തിക്കാറുണ്ട്.
