
സിഎംആർഎൽ – എക്സാലോജിക്ക് ഇടപാട് വീണ വിജയന്റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്
- കേസിന്റെ ഭാഗമായി നേരത്തെ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇഡി ഫ്രീസ് ചെയ്തിരുന്നു
തിരുവനന്തപുരം :സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് ഇഡി പരിശോധിക്കുന്നത്. കേസിന്റെ ഭാഗമായി നേരത്തെ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇഡി ഫ്രീസ് ചെയ്തിരുന്നു. നേരത്തെ നടത്തിയ പരിശോധനകളിൽ ഈ അക്കൗണ്ടിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സൂചന.എച്ച്ഡിഎഫ്സി ബാങ്കിലെ ആ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ, സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് വഴി ലഭിച്ച പണം എന്ത് ചെയ്തു എന്ന് കണ്ടെത്താനും കൂടുതൽ രേഖകൾ ശേഖരിക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് അതേ ബാങ്കിലുള്ള വീണയുടെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും
