
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ, സിപിഎം ഉഭയകക്ഷി ചർച്ചയും ഇന്ന്
- സിപിഐയെ അനുനയിപ്പിക്കാൻ വേണ്ടിയാണ് ചർച്ച നടത്തുന്നതെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ, സിപിഎം ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. ഉപ നേതൃപദവിയിൽ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചർച്ച ചെയ്യും. ദേശീയ നേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടെങ്കിലും ഉപനേതൃ പദവി വിട്ടുകൊടുക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക. സിപിഐയുമായി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഇന്ന് ചർച്ച നടത്തും. സിപിഐയെ അനുനയിപ്പിക്കാൻ വേണ്ടിയാണ് ചർച്ച നടത്തുന്നതെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. എന്നാൽ ഉപനേതൃപദവി വേണം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയ്ക്കും സിപിഐ തയ്യാറല്ല.

അതേസമയം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവള പത്രത്തിനെതിരായ സിപിഎമ്മിന്റെ ബദൽ ധവളപത്രം ഇന്ന് പുറത്തിറക്കും. വസ്തുതകളുടെ ധവളപത്രം എന്ന പേരിലുള്ള ബദൽ ധവള പത്രം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പുറത്തിറക്കുന്നത്. 10 വർഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. എകെജി പഠനക ഗവേഷണ കേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കും.
